About NSS Kavassery
കാവശ്ശേരി തെക്കേത്തറ നായർ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ തുടങ്ങിയ നായർ സമാജം അതിന്റെ പ്രവർത്തനങ്ങൾ ഒരു പ്രദേശത്തുമാത്രം ഒതുങ്ങിയപ്പോൾ അതിന്റെ വിപുലീകരണം അത്യാവശ്യമായി വന്നു. നമ്മുടെ ഭാഗ്യമെന്നു പറയട്ടെ സമുദായാചാര്യൻ ശ്രീ, മന്നത്ത് പത്മനാഭൻ അവർകൾ നായർ സമുദായത്തെക്കുറിച്ച് അറിയുകയും തന്റെ യാത്രാമദ്ധ്യേ 1954ൽ കാവശ്ശേരിയിൽ വരികയും കാവശ്ശേരി എൻ. എസ്. എസ്. കരയോഗം രൂപീകരിക്കുവാനുള്ള ശുപാർശയും അംഗീകാരവും നൽകുകയും ചെയ്യു. അങ്ങനെ കരയോഗം രൂപീകരിച്ച വർഷവും രജിസ്റ്റർ നമ്പറും ഒന്നുതന്നെയായത് യാദൃശ്ചികമാണ്. നമുക്കതിൽ അഭിമാനിക്കാം.
മന്ദിരം ശിലാഫലകം അനാഛാദനം
പിന്നീടുള്ള കുറച്ചുകാലത്തേക്ക്കരയോഗ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലായിരുന്നു. ഇതിന് പ്രധാനകാരണം കരയോഗത്തിന് സ്വന്തമായി മന്ദിരം ഇല്ലാത്തതായിരുന്നു. അങ്ങനെ അന്നത്തെ ഭാരവാഹികളുടെ ശ്രമഫലമായാണ് 1937 ൽ പരേതയായ പുണാത്ത് ദേവയാനിഅമ്മ കാവശ്ശേരിയുടെ ഹൃദയഭാഗത്തായി 05 സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. ഈ അവസരത്തിൽ ശ്രീമതി ദേവയാനിഅമ്മയുടെ മഹാമനസ്കതയെ പ്രത്യേകം സ്മരിക്കുന്നു. പിന്നീട് ഭരണസാരഥ്യം ഏറെറടുത്തവരെല്ലാംതന്നെ കിണഞ്ഞ് പരിശ്രമിച്ചു എങ്കിലും 2008 ൽ തെരഞ്ഞെടുത്ത് ഭരണസമിതിയുടെ നേതൃത്വമാണ് മന്ദിരനിർമ്മാണത്തിന് വളരെ ജാഗ്രതയോടെ പ്രവർത്തനം നടത്തിയത്. അങ്ങനെ ഒരു വർഷത്തിനുള്ളിൽതന്നെ കരയോഗം അംഗങ്ങളുടെ നിസ്സീമമായ സഹകരണത്തോടെ കരയോഗ മന്ദിരത്തിന്റെ ഒന്നാംനില പൂർത്തീകരിച്ച്, 2009 ഡിസംബറിൽതന്നെ ഉദ്ഘാടനം നടത്തി. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്നുകാണുന്ന ഇരുനില കെട്ടിടം ഉണ്ടായത്. ഇതിന് സാമ്പത്തികമായും, സാധനങ്ങളും ഉപകരണങ്ങളും നൽകി അകമഴിഞ്ഞ് സഹായിച്ച ഓരോ കരയോഗം കുടുംബാംഗങ്ങളേയും വളരെ നന്ദിയോടെ സ്മരിക്കുന്നു. 2013ൽ ദുബായ് ശ്രീ വിവേകമേനോൻ സംഭാവനയായി നൽകിയ ആംബുലൻസ് വാഹനം കരയോഗത്തിന്റെ ഒരു ആസ്തി തന്നെയാണ്. അവരുടെ മഹാമനസ്കതയേയും ഈയവസരത്തിൽ സ്മരിക്കുന്നു. ഈ മന്ദിര പുരോഗതിയും ആംബുലൻസ് വാഹനവുമെല്ലാം നമ്മുടെ കരയോഗത്തിന് പുതിയ വരുമാനമാർഗ്ഗം ഉണ്ടാക്കിത്തരുന്നുണ്ട് എന്ന് പ്രത്യേകം അറിയിക്കുകയാണ്. ഇപ്പോൾ കരയോഗത്തിൽ 400ൽ അധികം അംഗങ്ങൾ ഉണ്ട്. സ്വന്തമായി മന്ദിരം ഉള്ളതുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകളും മററ് യോഗ / ആദ്ധ്യാത്മിക ക്ലാസ്സുകൾ തുടങ്ങി നിരവധി ക്ഷേമപ്രവർത്തനങ്ങളും നടത്തുവാൻ കരയോഗത്തിന് കഴിഞ്ഞിട്ടുണ്ട്. വരുമാനത്തിന്റെ നിശ്ചിതശതമാനം സംഖ്യ അടിയന്തിര ചികിത്സക്കായി കരയോഗം അംഗങ്ങൾക്ക് നൽകുകയുണ്ടായി. ഭാവിയിലും നല്ല മേന്മയുള്ള ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും, വഴികാട്ടി പാം പതിപ്പ് നിങ്ങളുടെ അറിവിലേക്കും, പുരോഗതിയിലേക്കും, സമുദായ വളർച്ചയിലേക്കും സഹായിക്കുമാറാകട്ടെ എന്നുകൂടി പ്രാർത്ഥിച്ചുകൊണ്ടും ഈ പതിപ്പ് നിങ്ങൾക്കായി സമർപ്പിക്കുകയാണ്.
ഈ പ്രസിദ്ധീകരണത്തിൽ തീർച്ചയായും കുററങ്ങളും കുറവുകളുമുണ്ടാകാം. അതെല്ലാം സദയം ക്ഷമിക്കുക. ഭാവിയിലും നിങ്ങൾ ഓരോരുത്തരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
കരയോഗം രൂപീകരണവും തുടർന്നുള്ള ചരിത്രവും
നായർ സമുദായത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ സന്മനസ്സും ത്യാഗവും നിറഞ്ഞ കുറേ ആദർശധീരർ നിലനിൽപ്പിനായി കെട്ടിപ്പടുത്തതാണ് നായർ സർവ്വീസ് സൊസൈററി. അങ്ങനെ നായർ സമുദായത്തെ രക്ഷിക്കാൻ ശ്രീ മന്നത്ത് പത്മനാഭന്റെ നേത്യത്വത്തിൽ ആദ്യം ഉടലെടുത്ത നായർ മൃത്യജനസംഘം 1090 മിഥുനം 27ന് മന്നത്ത് ഭവനത്തിൽ ചേർന്ന യോഗത്തിൽ വെച്ച് നായർ സർവ്വീസ് സൊസൈററി രൂപീകരിച്ചു.
കാവശ്ശേരി കരയോഗത്തിന് അഭിമാനിക്കാവുന്ന ചരിത്രമുണ്ട്. എൻ. എസ്. എസ്. സ്ഥാപകനേതാവ് ശ്രീ മന്നത്ത് പത്മനാഭൻ നേരിട്ട് വന്ന് ആശിർവദിച്ചതാണ് 1954-ാം നമ്പർ കരയോഗം എന്നുള്ളത് നമുക്ക് ഒരു ചരിത്ര നേട്ടമാണ്. കരയോഗ്രപ്രവർത്തനങ്ങളിൽ കാലാകാലങ്ങളിൽ ചുമതല ഉണ്ടായിരുന്നവർ കരയോഗത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചവരായിരുന്നു.
കരയോഗത്തിന്റെ ചിരകാല അഭിലാഷമായിരുന്ന കരയോഗമന്ദിരം കഴിഞ്ഞ കാലയളവിൽ നേതൃത്വം വഹിച്ച മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അവർകളുടെ നേത്യത്വത്തിലുള്ള കമ്മിററി അംഗങ്ങളുടെ സേവനത്തിന്റെ സമ്മാനം തന്നെയാണ്.
ഈ അവസരത്തിൽ മുൻകാലങ്ങളിൽ കരയോഗ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന പരേതരായ വി. പി. വിശ്വനാഥൻനായർ, കെ. അയ്യപ്പൻ നായർ, കുട്ടപ്പൻ നായർ, കെ. എ. സുകുമാരമേനോൻ, കെ. വി. അരവിന്ദാക്ഷൻ, ടി. കെ. ഹരിദാസ് എന്നിവരുടെ സേവനങ്ങളേയും, കരയോഗമന്ദിരം നിർമ്മിക്കാൻ ഭൂമി സൗജന്യമായി നൽകിയ പുണാത്ത് വീട്ടിൽ പരേതയായ ദേവയാനിഅമ്മയേയും കരയോഗം എക്കാലവും ആദരവോടെ സ്മരിക്കും. മേൽ പറഞ്ഞവരിൽ ടി. കെ. ഹരിദാസ് എൻ. എസ്. എസ്. കേന്ദ്രകമ്മിറ്റി പ്രതിനിധിസഭാംഗം കൂടിയായിരുന്നു.
വനിതാസമാജം രൂപംകൊണ്ട കാലം മുതൽ തന്നെ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കുന്നതിലും നടപ്പിലാക്കുന്നതിലും എന്നും മുൻപന്തിയിലാണ്. അവരുടെ പ്രയത്നഫലമായി നമ്മുടെ കരയോഗത്തിൽ 7 വനിതാ സ്വയം സഹായ സംഘങ്ങൾ | പ്രവർത്തിച്ചുവരുന്നു.
ഈ കൂട്ടായ്മയിൽ ഏകദേശം നൂറോളം കുടുംബിനികൾ അംഗങ്ങളാണ്. സംഘപ്രവർത്തനത്താൽ യൂണിയൻ മുഖാന്തിരം കോടിക്കണക്കിന് രൂപ മിതമായ പലിശക്ക് സ്വയം തൊഴിലിനായി ബാങ്ക് വഴി ലഭിച്ചിട്ടുണ്ട്. കാവശ്ശേരി വനിതാ സമാജത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ ഫലമാണ് ശ്രീമതി. ലളിതയുടെ താലുക്ക് | വനിതാ സമാജം കൺവീനർ സ്ഥാനം.
സമ്പന്നമായ ഒരു കരയോഗം രൂപപ്പെടുത്തുന്നതിന് ഏവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകേണ്ടതാണ്. യൂണിയന്റെ കീഴിലുള്ള ഏറ്റവും വലിയ കരയോഗം എന്നറിയപ്പെടുന്ന നമ്മൾ പ്രവർത്തനമേഖല വ്യാപിപ്പിച്ച് മുന്നോട്ടുപോകേണ്ടത് അത്യാവശ്യമാണ്.